കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി. വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈക്കം സ്വദേശി ഗോപിനാഥൻ നായർ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് മരിച്ച സംഭവത്തിലാണ് കോട്ടയം മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പരാതി. അപകട നില തരണം ചെയ്യുന്നതിന് മുമ്പേ കിടക്കയില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതർ രോഗിയെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചതായും എന്നാൽ, ഡിസ്ചാർജ് ദിവസം ഡിസ്ചാർജ് ഷീറ്റ് നൽകുന്നതുവരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകേണ്ട ജീവൻ രക്ഷാ മരുന്നുകളും മറ്റ് പരിചരണങ്ങളും നൽകിയില്ലെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിൽ ഗോപിനാഥനെ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നും പരാതി അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.