തിരുവനന്തപുരം: കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന് (കെ സോട്ടോ) പുതിയ വെബ്‌സൈറ്റ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പ്രകാശനം ചെയ്തു. എന്‍ഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. പൊതുജനങ്ങള്‍ക്കാവശ്യമായ അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിനായാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ ഈ വെബ്സൈറ്റ് സഹായിക്കും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താത്പര്യങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് കെ സോട്ടോ ആരംഭിച്ചത്. www.ksotto.kerala.gov.in എന്നതാണ് വെബ്സൈറ്റിന്റെ വിലാസം. അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, പ്രധാന പ്രോട്ടോകോളുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുകള്‍ എന്നിവ ഉള്‍പ്പടെ കെ-സോട്ടോയുടെ ഭരണപരമായ വിവരങ്ങള്‍, റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ എന്നിവയും വൈബ് സൈറ്റില്‍ ലഭിക്കുന്നതാണ്.