കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട്: അഭിമാനകരമായ നേട്ടങ്ങള്‍ക്കിടയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. കുടിശ്ശിക കിട്ടിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് കാണിച്ച് സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പിന് കത്തയച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നല്‍കിയ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത് കോടികളാണ്. തുക കുടിശ്ശികയായതോടെ ചികിത്സ തുടരാനാകില്ലെന്ന നിലപാടിലാണ് പല സ്വകാര്യ ആശുപത്രികളും. ഇതോടെ രോഗികളുടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. കാരുണ്യ പദ്ധതി വഴി സംസ്ഥാനത്തെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ക്ക് 800 കോടി കുടിശ്ശികയുണ്ടെന്നാണ് കണക്ക്. കേന്ദ്രവിഹിതം കിട്ടാത്തതും സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.