പത്തനംതിട്ട: അടൂരില്‍ ബയോമെഡിക്കല്‍ സംസ്ക്കരണം ലക്ഷ്യമിട്ട് ഇമേജ് മാലിന്യ സംസ്ക്കരണ പ്ലാന്റ് പദ്ധതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. പാലക്കാട് മലമ്പുഴയില്‍ 26 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ബയോമെഡിക്കല്‍ മാലിന്യ സംസ്ക്കരണ പദ്ധതി വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ കേന്ദ്രമാക്കി മൂന്നര ഏക്കറിലാണ് രണ്ടാമത്തെ പ്ലാന്റ് വരുന്നത്. നിലവില്‍ പാലക്കാട്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ പ്രതിദിനം 55.8 ടണ്‍ ബയോ മെഡിക്കല്‍ മാലിന്യമാണ് സംസ്ക്കരിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളില്‍ നിന്നുള്ള മുഴുവന്‍ മാലിന്യങ്ങളും ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്രത്തിലേക്കാണ് കൊണ്ടുവരുന്നത്. അടൂരിലെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ആശുപത്രി മാലിന്യങ്ങള്‍ ഇവിടെ സംസ്ക്കരിക്കാനാകും. പുതിയ പ്ലാന്റിന് വേണ്ടി സര്‍ക്കാര്‍ അനുമതി നേടിയെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ഐ എം എ ഭാരവാഹികള്‍ വ്യക്തമാക്കി.