ന്യൂ ഡൽഹി: ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് വീടുകളിലെന്ന് പഠനം. ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതിനുകാരണം ചികിത്സ വൈകുന്നതാണെന്നും പഠനത്തിൽ പറയുന്നു. ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആദ്യ മണിക്കൂറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾ ബോധവാന്മാരല്ല എന്നും ഹൃദയാഘാതവും സ്‌ട്രോക്കും പോലുള്ള അത്യാഹിതം സംഭവിക്കുന്ന രോഗികളിൽ ചെറിയൊരു വിഭാഗം മാത്രമേ കൃത്യ സമയത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ എത്താറുള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു. 2019 ജൂലൈ 1നും 2020 ജൂൺ 30നും ഇടയിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ കണക്ക് പഠനത്തിനായി ശേഖരിക്കുകയും 2,466 മൃതദേഹപരിശോധനകൾ പഠനത്തിനായി വിലയിരുത്തുകയും ചെയ്തു. ഇതിൽ ഹൃദയയാഘാതവും സ്ട്രോക്കും മൂലം മരിച്ചവരിൽ കൃത്യമായ ചികിത്സ തേടുന്നതിൽ കാലതാമസമുണ്ടായെന്ന് വ്യക്തമായി. മരിച്ചവരിൽ 10.8 ശതമാനം പേർ മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ ആരോഗ്യകേന്ദ്രത്തിൽ എത്തിയത്. മരണങ്ങളിൽ 55 ശതമാനവും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലമാണെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.