മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം

തിരുവനന്തപുരം: കക്കൂസ് മാലിന്യം ഉള്‍പ്പെടെ മറ്റ് മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് ഓഫീസര്‍മാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കുകീഴിലും എന്‍ഫോഴ്സ്മെന്റ് സംവിധാനത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ പരിശോധനയ്ക്ക് പോകുമ്പോള്‍ ജോയന്റ് ഡയറക്ടര്‍മാര്‍ ആവശ്യപ്പെടുന്നപ്രകാരം പോലീസ് ഓഫീസര്‍മാരെ അനുവദിക്കാന്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഉത്തരവിനുവിരുദ്ധമായ ഉത്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നതും അനധികൃതമായി മാലിന്യം തള്ളാന്‍ കൊണ്ടുപോകുന്നതുമായ വാഹനങ്ങള്‍ പിടിച്ചെടുക്കണം. പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത് ബോധവത്കരണം നടത്തണം. അറവുശാലകള്‍, ഭക്ഷണശാലകള്‍ മുതലായവ തദ്ദേശ സ്വയംഭരണ അധികൃതരുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ മിന്നല്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികളെടുക്കണമെന്നും പോലീസിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.