തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കേസുകളുടെ എണ്ണം പതിനായിരം കടന്നു. പ്രതിദിന കണക്കുകളിൽ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. 10,060 പേരെയാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 63 പേർക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര് മരിച്ചു. അതേസമയം, സംസ്ഥാനത്ത് ഈ മാസം നാൽപ്പത് പേർക്ക് എലിപ്പനി ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ 25 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2285 പേർക്ക് ഡെങ്കിപ്പനിയും 425 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.