കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠനം

തിരുവനന്തപുരം: കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന, സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ കുട്ടികള്‍ക്കിടയിലെ ഡെങ്കിപ്പനി പകര്‍ച്ചവ്യാധിയുടെ തോത് 29 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്. എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള 5,326 കുട്ടികളില്‍ നടത്തിയ രക്തപരിശോധനയിലാണ് ഡെങ്കുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയിലെ 60 ശതമാനം കുട്ടികള്‍ക്കും ഡെങ്കിപ്പനി ബാധിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇതാണ് കേരളത്തിലെ കൂടിയ കണക്കുകള്‍ക്ക് പിന്നിലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യമായ രോഗ പ്രതിരോധത്തിനായി വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.