പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലക്കാട് ആശുപത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്

പാലക്കാട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലക്കാട് ആശുപത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയെ തുടര്‍ന്ന് ഐപിസി 337 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും അമിത രക്തസ്രാവം തടയാനായി വെച്ച ജെല്‍ ഫോം ആണിതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചപ്പോള്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും ഷബാന പറഞ്ഞു. തുടര്‍ന്ന് ഷബാന ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയതിനു ശേഷം മൂത്രമൊഴിച്ചപ്പോള്‍ പഞ്ഞി പുറത്ത് വരികയായിരുന്നു. ചികിത്സയില്‍ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി, പാലക്കാട് എസ്പി ഡിഎംഎഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് ഷബാന പരാതി നല്‍കി.