രക്താർബുദം ബാധിച്ച ആൾക്കുവേണ്ടി രക്തമൂലകോശം ദാനം ചെയ്‌ത്‌ ഇർഫാൻ

വടകര: രക്താർബുദം ബാധിച്ച ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി രക്തമൂലകോശം ദാനം ചെയ്‌ത്‌ കോഴിക്കോട് വടകര സ്വദേശി അബുബക്കർ ഇർഫാൻ ഇക്‌ബാൽ. ഇന്ത്യയിലെ ആറു ലക്ഷത്തോളം ദാതാക്കളെ പരിശോധിച്ചതിൽ നിന്നാണു രോഗിക്കു സാമ്യമുള്ള മൂലകോശം കണ്ടെത്തിയത്. കൊച്ചി അമൃത ആശുപത്രിയിൽ കഴിഞ്ഞ മാസമാണ് ഇർഫാൻ രക്തമൂലകോശ ദാനം നടത്തിയത്. രക്താർബുദം, തലസീമിയ പോലെയുള്ള നൂറോളം രോഗങ്ങൾക്കുള്ള അവസാന പ്രതിവിധിയാണ് രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കൽ. പതിനായിരം മുതൽ 20 ലക്ഷം വരെയുള്ള ദാതാക്കളെ പരിശോധിച്ചാൽ മാത്രമേ യോജിച്ച ഒരു ദാതാവിനെ ലഭിക്കാൻ സാധ്യതയുള്ളു.