നടൻ ഹരീഷ് പേങ്ങന്റെ മരണത്തിനു പിന്നാലെ വീണ്ടും വാർത്തകളിലിടം പിടിച്ച് മലയാളികൾക്കിടയിൽ നോൺ ആൾക്കഹോളിക് ഫാറ്റിലിവർ

തിരുവനന്തപുരം: നടൻ ഹരീഷ് പേങ്ങന്റെ മരണത്തിനു പിന്നാലെ വീണ്ടും വാർത്തകളിലിടം പിടിച്ച് മലയാളികൾക്കിടയിൽ നോൺ ആൾക്കഹോളിക് ഫാറ്റിലിവർ. 1000 പേരെ പരിശോധിക്കുമ്പോൾ, 400 പേർക്കും ഫാറ്റി ലിവറുണ്ടെന്ന് അടുത്തിടെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുമാരുടെ സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അമിത വണ്ണമുള്ളവരിൽ 50 മുതൽ 80 ശതമാനം പേർക്കും, അമിത വണ്ണമുള്ള അറുപതു ശതമാനം കുട്ടികൾക്കും ഫാറ്റിലിവറുണ്ടാകാമെന്ന് പഠനങ്ങളിൽ പറയുന്നു. ആഗോള ജനസംഖ്യയിൽ 25 ശതമാനം പേർക്കും മദ്യപാനവുമായി ബന്ധമില്ലാത്ത ഫാറ്റിലിവർ രോഗമുണ്ട്. കരളിൽ അഞ്ച് ശതമാനത്തിലേറെ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. 40 പിന്നിട്ട പുരുഷൻമാരിലും 55 കഴിഞ്ഞ സ്ത്രീകളിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, അമിതവണ്ണം, പ്രമേഹം, വ്യായാമമില്ലായ്മ, ഭക്ഷണരീതി, ലഹരി ഉപയോഗം എന്നിവ രോഗത്തിന് കാരണമാവാം.