വാഷിംഗ്ടൺ: ചെറുപ്പകാരിലെ ക്യാൻസറിന് കാരണം ഫംഗ്ഗസ് ബാധയെന്ന് പഠനം. 50 വയസിനു താഴെയുള്ളവരിൽ കൊളോറെക്ടല്‍ അർബുദ കേസുകൾ ഉയരുന്നതിനുള്ള കാരണം നഖത്തിന്റെയും ചർമ്മത്തിന്റെയും അണു ബാധയ്ക്ക് കാരണമാകുന്ന ഫംഗ്ഗൽ ബാധയാകാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. അര്‍ബുദ രോഗികളുടെ കുടലുകളിലെ സൂക്ഷ്മജീവികളിലുണ്ടാകുന്ന മാറ്റങ്ങള്‍ ട്രാക്ക് ചെയ്താണ് ഈ നിരീക്ഷണം ഗവേഷകര്‍ നടത്തിയത്. 40 വയസിനു താഴെയും 65 വയസ്സിന് മുകളിലുമുള്ള കൊളോറെക്ടല്‍ രോഗികളുടെ അര്‍ബുദ മുഴകളില്‍ നിന്നുള്ള മൈക്രോബിയല്‍ ഡിഎന്‍എ സാംപിളുകളാണ് ഗവേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ചത്. ഇതിൽ 45 വയസ്സിന് താഴെയുള്ള രോഗികളുടെ അര്‍ബുദ മുഴകളില്‍ ക്ലാഡോസ്പോറിയം എസ്പി എന്ന ഫംഗസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചര്‍മത്തിലും നഖത്തിലുമെല്ലാം അണുബാധയുണ്ടാക്കുന്ന ഈ ഫംഗസ് അപൂര്‍വമായിട്ടാണ് കുടലുകളില്‍ കാണപ്പെടുന്നതെന്നും, ഫംഗസ് കോശങ്ങളുടെ ഡിഎന്‍എ നശിപ്പിച്ചാണ് കൊളോറെക്ടല്‍ അര്‍ബുദത്തിലേക്ക് നയിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഫംഗസിന് പുറമേ പുകയില ഉപയോഗം, മദ്യപാനം, അമിതമായി കൊഴുപ്പും കലോറിയുമുള്ള ഭക്ഷണത്തിന്‍റെ ഉപയോഗം എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.