മുംബൈ: മഹാരാഷ്‌ട്രയിലെ സ്വച്ഛ് മുഖ് അഭിയാൻ എന്ന പദ്ധതിയുടെ ചിരി അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ദന്ത ശുചിത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സച്ചിനുമായി ധാരണാപത്രം ഒപ്പിടും. ദന്താരോഗ്യം, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുകയും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ട് ഇന്ത്യൻ ഡന്റൽ അസോസിയേഷൻ നടത്തുന്ന ദേശീയ ക്യാമ്പെയിനാണ് സ്വച്ഛ് മുഖ് അഭിയാൻ. ദന്താരോഗ്യ സാക്ഷരത വർദ്ധിപ്പിക്കുകയും രാജ്യത്ത് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയും ചെയ്യുകയെന്നതാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഡന്റൽ അസോസിയേഷൻ വ്യക്തമാക്കി.