ന്യൂഡൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം ഒന്നാമതെന്ന് നീതി ആയോഗ് റിപ്പോർട്ട്. 2020 – 21 വർഷത്തെ വാർഷിക സൂചികയിൽ 19 സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ നിന്നുമാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ എന്നിവയാണ് സൂചികയിൽ താഴെയുള്ള സംസ്ഥാനങ്ങൾ. നവജാത ശിശുക്കളുടെ മരണ നിരക്ക്, ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി 24 ആരോഗ്യ സൂചകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപാണ് ഒന്നാമത്, ഡൽഹി ഏറ്റവും പിന്നിലാണ്. വർഷാവർഷമുള്ള പുരോഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി 2017-ലാണ് നീതി ആയോഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കുന്നത്.