എറണാകുളം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനകേസുകൾ റദ്ദാക്കുന്ന കാര്യത്തിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമ പ്രാധാന്യമെന്ന് ഹൈക്കോടതി. കോടതിക്ക് പുറത്തുവെച്ച് കേസുകൾ ഒത്തുതീർപ്പായതിനാൽ റദ്ദാക്കണമെന്ന 46 ഹർജികൾ ഒരുമിച്ചു പരിഗണിക്കവെയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗം ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസുകൾ, കുട്ടികളെ ബന്ധുക്കൾ പീഡിപ്പിച്ച കേസുകൾ, കമിതാക്കളായ കൗമാരക്കാരുടെ ശാരീരിക ബന്ധം തുടങ്ങിയ കേസുകൾ റദ്ദാക്കണമെന്ന ഹർജികളാണ് പരിഗണിച്ചത്. ഇത്തരം കേസുകളിൽ തീരുമാനമെടുക്കാൻ പൊതുമാനദണ്ഡം സാദ്ധ്യമല്ലെന്ന് പറഞ്ഞ കോടതി ഓരോ കേസും വസ്തുത പരിഗണിച്ച് തീരുമാനിക്കണമെന്നു വ്യക്തമാക്കി. അതിജീവിതയുടെ ക്ഷേമം, കുറ്റത്തിന്റെ സ്വഭാവം, വ്യാപ്തി, അനന്തരഫലങ്ങൾ, ഒത്തുതീർപ്പിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കണം. എന്നാൽ ഗുരുതരവും ഹീനവുമായ ലൈംഗിക കുറ്റങ്ങൾ ഇത്തരം പരിഗണന അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.