സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനനനിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ കേന്ദ്രത്തിന്റെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ നിർദേശം. രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6000 രൂപ നൽകുന്നതാണ് പദ്ധതി. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഇത് നടപ്പിലാക്കണമെന്ന് സംസ്ഥാന ശിശു വികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി. കേരളത്തിൽ 2015-16 വർഷത്തെ സർവ്വേ പ്രകാരം 1000 ആൺകുട്ടികൾക്ക് 1047 പെൺകുട്ടികൾ എന്നും പുതിയ സർവ്വേ പ്രകാരം 1000 ആൺകുട്ടികൾക്ക് 951 പെൺകുട്ടികൾ എന്നുമായിരുന്നു കണക്ക്. ഇന്ത്യയിൽ 1000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികളെന്നാണ് 2019-21ൽ നടത്തിയ കുടുംബാരോഗ്യ സർവേയിലൂടെ കേന്ദ്രം പുറത്തുവിട്ടത്. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല ജീവനക്കാർ,സമാനമായ മറ്റ് പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർ എന്നിവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി പ്രകാരം 2022 ഏപ്രിൽ മുതൽ ധന സഹായത്തിന് അർഹതയുണ്ട്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ജനിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് ധന സഹായത്തിനായി 2023 ജൂൺ 30വരെ അപേക്ഷിക്കാവുന്നതാണ്. എന്നാൽ 2023 ജൂലൈ മുതൽ ധനസഹായം ലഭ്യമാക്കണമെങ്കിൽ രണ്ടാമത്തെ പ്രസവത്തിലെ പെൺകുഞ്ഞിന് ഒമ്പത് മാസം തികയുന്നതിന് മുമ്പ് അങ്കനവാടിയിൽ പേര് രജിസ്റ്റർ ചെയ്യണം. അതല്ലെങ്കിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായുള്ള പോർട്ടൽ ഉടൻ സജ്ജമാകും. ആദ്യ പ്രസവത്തിൽ ആൺ-പെൺകുട്ടിയാണെങ്കിലും 5000 രൂപ ധനസഹായം നൽകിവരുന്നുണ്ട്. പിന്നാലെയാണ് രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിയായാൽ 6000 രൂപ എന്ന പദ്ധതി നിലവിൽ വന്നത്.