ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ​ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്

കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ​ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സബ്‌ ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ട്. പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തതും, രോഗികൾക്കായി ലിഫ്റ്റിനുപകരം സംവിധാനം ഒരുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദ്ദേഹം ചുമന്ന് താഴെ എത്തിച്ചത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായി. ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലുമെടുക്കും ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം.