ജനീവ: കോവിഡിനു പിന്നാലെ ‘ഡിസീസ് എക്സ്’ ആശങ്കയിൽ ലോകം. കോവിഡിനേക്കാൾ മാരകമായ രോഗം വരാനിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച മഹാമാരികളുടെ സാധ്യതാ പട്ടികയിലാണ് ഡിസീസ് എക്സ്’ എന്ന രോഗത്തെക്കുറിച്ച് ഭീതിയുയർത്തുന്നത്. എബോള, സാർസ്, സിക തുടങ്ങിയ മഹാ വ്യാധികൾ പട്ടികയിലുണ്ടെകിലും ഡിസീസ് എക്സ് എന്നു പേരിട്ട രോഗത്തെക്കുറിച്ചാണ് ആശങ്കയും അവ്യക്തതയും നിലനിൽക്കുന്നത്. രോഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്ത, വരാനിരിക്കുന്ന ആഗോള മഹാമാരിയെയാണ് ഡിസീസ് എക്സ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നതാകാമെന്ന് ഡബ്ല്യു.എച്ച്.ഒ. പറയുന്നു. ഫലപ്രദമായ ചികിത്സയും ഡിസീസ് എക്സിനില്ല. 2018-ലാണ് ഡിസീസ് എക്സ് എന്ന പദം ഡബ്ല്യു.എച്ച്.ഒ. ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് ഒരു വർഷത്തിനുശേഷമാണ് ലോകത്ത് കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നത്. ‘ഡിസീസ് എക്സ്’ മൃഗങ്ങൾ വഴി മനുഷ്യനിലെത്താനാണ് സാധ്യതയെന്ന് ചിലർ പറയുമ്പോൾ മനുഷ്യനുണ്ടാക്കുന്ന രോഗകാരിയായിരിക്കുമിതെന്ന് മറ്റുചിലരും വാദിക്കുന്നുണ്ട്.