കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാംഘട്ട രോഗപ്രതിരോഗ കുത്തിവെപ്പിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. നാലുമാസം മുതൽ എട്ടു മാസം പ്രായമായ പശുകുട്ടികളിലും എരുമക്കുട്ടികളിലുമാണ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകുന്നത്. വാക്സിനേഷൻ ക്യാമ്പുകൾ വഴി മെയ് 19 വരെയാണ് കുത്തിവെപ്പ് നൽകുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോയിസ്. രോഗബാധിതരായ മനുഷ്യരിൽ വന്ധ്യത, പനി, ശരീരവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ. മൃഗസംരക്ഷണ മേഖലയിലുള്ളവർ, അറവുശാലയിലെ ജീവനക്കാർ എന്നിവർക്ക് രോഗം പകരാനും സാധ്യതയുണ്ട്. പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുമായി എല്ലാ കർഷകരും സഹകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.