സോൺട ഇൻഫ്രാടെക് കമ്പനിയുമായുണ്ടായിരുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ ബയോമൈനിംഗിന് കരാർ കൊച്ചി കോർപ്പറേഷൻ റദ്ദാക്കി

കൊച്ചി: സോൺട ഇൻഫ്രാടെക് കമ്പനിയുമായുണ്ടായിരുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ ബയോമൈനിംഗിന് കരാർ കൊച്ചി കോർപ്പറേഷൻ റദ്ദാക്കി. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റ് നിർമ്മിക്കാൻ സോൺടയുമായി ഒപ്പിട്ടിരുന്ന കരാറിൽ നിന്നും കോർപ്പറേഷൻ പിൻമാറുകയും, കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും മേയർ എം. അനിൽകുമാർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. അവശേഷിക്കുന്ന ഭാഗത്ത് ബയോമൈനിംഗ് ചെയ്യുന്നതിനായി ഏജൻസിയെ കണ്ടെത്തുമെന്നും, ടെൻഡർ നടപടിക്രമങ്ങളുടെ ചെലവ് സോൺട വഹിക്കണമെന്നും ആവശ്യപ്പെടും. ആവശ്യമെങ്കിൽ കോർപ്പറേഷൻ തന്നെ ബയോമൈനിംഗ് ചുമതല ഏറ്റെടുക്കും. മാലിന്യ സംസ്കരണത്തിന്റെ ചുമതല താത്ക്കാലികമായി ശുചിത്വ മിഷന്റെ കീഴിലുള്ള മൂന്ന് ഏജൻസികളെയാണ് ഏല്പിച്ചിരിക്കുന്നത്. ബ്രഹ്മപുരത്ത് 250 ടൺ സംസ്കരണ ശേഷിയുള്ള പ്ളാന്റ് സ്ഥാപിക്കാമെന്ന ബി.പി.സി.എല്ലിന്റെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മേയർ അറിയിച്ചു.