തലച്ചോറിലെ അർബുദ മുഴ തിരിച്ചറിയാൻ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഡൽഹിയിലെ സര്‍ ഗംഗ റാം ഹോസ്പിറ്റൽ

ന്യൂഡൽഹി: തലച്ചോറിൽ വളരുന്ന അർബുദ മുഴ തിരിച്ചറിയാൻ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഡൽഹിയിലെ സര്‍ ഗംഗ റാം ഹോസ്പിറ്റലിലെ ഗവേഷകര്‍. തലച്ചോറില്‍ വളരുന്ന അര്‍ബുദ മുഴകളില്‍ സര്‍വസാധാരണമായ ഒന്നാണ് ഗ്ലിയോമ. ഗ്ലിയല്‍ കോശങ്ങളില്‍ ആരംഭിക്കുന്ന അര്‍ബുദ മുഴ വളരെ വേഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. തലച്ചോറിലെ മുഴ നേരത്തെ കണ്ടെത്തി രോഗികളുടെ അതിജീവന നിരക്ക് വർധിപ്പിക്കാനും ഈ പരിശോധന സഹായിക്കും. രോഗം ഇതുവരെ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള ഉപാധികളൊന്നും നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ ഗാലക്ടിന്‍-3 എന്ന ബൈന്‍ഡിങ് പ്രോട്ടീനിന്റെ സാന്നിധ്യം രക്തത്തില്‍ തിരിച്ചറിയുക വഴി ഗ്ലിയോമ മുന്‍കൂട്ടി കണ്ടെത്താനും, ട്യൂമര്‍ വളര്‍ച്ചയുടെ തീവ്രത അറിയാനും കഴിയുന്ന ചെലവ് കുറഞ്ഞ രക്ത പരിശോധനയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2017ല്‍ ആരംഭിച്ച പഠനത്തിന്റെ ഭാഗമായി രോഗികളുടെ പ്ലാസ്മയില്‍ നിന്ന് പ്രോട്ടീനുകള്‍ വേര്‍തിരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം.