വിഷം കലർന്ന ഐസ്ക്രീം കഴിച്ച് കുട്ടി മരിച്ച സംഭവം: പിതൃ സഹോദരി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് 12 കാരൻ വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതി ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ പ്രതി ആദ്യം നിഷേധിച്ചെങ്കിലും, പിന്നീട് കുറ്റം സമ്മതിച്ചു.‌ കഴിഞ്ഞ ഞായറാഴ്ച കൊയിലാണ്ടി അരിക്കുളത്തെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങുകയും എലിവിഷം സംഘടിപ്പിച്ചത് കൊയിലാണ്ടി ടൗണിലെ കടയിൽ നിന്നാണെന്നും ഇവർ മൊഴി നൽകി. ഭക്ഷ്യ വിഷബാധ സംശയിച്ച സംഭവത്തിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫേറ്റ് ഉളളിൽച്ചെന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ്.