തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും ചൂട് മറിക്കടക്കാനാവില്ലെന്നും, തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കുമെന്നും നിരീക്ഷകർ പറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോത് അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.