നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് അറസ്റ്റിൽ. സ്വകാര്യ നഴ്സിങ് സ്ഥാപനം വിജിലൻസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഹെൽത്ത് സൂപ്രണ്ടായ കൃഷ്ണമൂർത്തി അറസ്റ്റിലായത്. എല്ലാ നഴ്സിങ് സ്ഥാപനങ്ങളിലും മൂന്നു മാസം ആശുപത്രികളിലെ പരിശീലനം നിർബന്ധമാണ്. ഇതിന് അനുമതി നൽകേണ്ടത് ജില്ലാ ഹെൽത്ത് സൂപ്രണ്ടാണ്. ഈ അനുമതി നൽകാനായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാളിൽ നിന്നും കൈക്കൂലിയായി വാങ്ങിയ പണവും പിടിച്ചെടുത്തു. ഇയാളുടെ സ്വത്തുവകകളും ബാങ്ക് വിവരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് പരിശോധിച്ചു വരികയാണ്. കേരളത്തിൽനിന്ന് നിരവധി വിദ്യാർഥികളാണ് സമീപ സംസ്ഥാനങ്ങളിൽ നഴ്സിങ് കോളേജുകളിൽ പഠിക്കുന്നത്.