ബറേലി: ഗോമൂത്രത്തിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്റ്റീരിയകൾ അടങ്ങിയിരിക്കുന്നതായി പഠനം ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം സംഘടിപ്പിച്ചത്. ഐ.വി.ആർ.ഐയിലെ എപിഡെമിയോളജി വിഭാഗം മേധാവിയായ ഭോജ് രാജ് സിങ്ങും മൂന്ന് പിഎച്ച്ഡി വിദ്യാർഥികളുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ആരോഗ്യമുള്ള പശുക്കളിൽനിന്നും കാളകളിൽ നിന്നുമുള്ള മൂത്രത്തിന്റെ സാമ്പിളുകൾ ശേഖരിച്ചപ്പോഴാണ് 14 ഇനം ഹാനികരമായ ബാക്റ്റീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇ-കോളി ഉൾപ്പെടെയുള്ള ബാക്റ്റീരിയകളാണ് മൂത്രത്തിൽ കണ്ടെത്തിയത്. ഗോമൂത്രം നേരിട്ടു കുടിക്കുക വഴി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനത്തിൽ പറയുന്നു.