റിയാദ്: ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി മൽസരങ്ങൾ വിദേശത്തു നടക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് സൗദിയിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ. 76-ാമത് സന്തോഷ് ട്രോഫിയുടെ ആദ്യ സെമി റിയാദിലെ ബഗ്ലഫിലുള്ള കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് നടക്കുന്ന ആദ്യമൽസരത്തിൽ പഞ്ചാബും മേഘാലയയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 9 ന് കർണാടകയും സർവ്വീസസും തമ്മിലുള്ള രണ്ടാം സെമിയും നടക്കും. ഫൈനൽ ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9 നു നടക്കും. അഞ്ചു സൗദി റിയാലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ticketmax.കോം എന്ന ആപ്പ് വഴിയും ടിക്കറ്റ് എടുക്കാം. മൽസരത്തിനായി നാലു ടീമുകളും റിയാദിലെത്തി. കേരളം പുറത്തായെങ്കിലും മൽസരം കാണുന്നതിനുള്ള ആവേശത്തിലാണ് മലയാളി കാൽപന്തു പ്രേമികൾ.