തിരുവനന്തപുരം: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം. വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്മെന്റ് കോംപ്ലക്സുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം.