വാഷിംഗ്ടൺ: കോവിഡ് ബാധിച്ചവരില്‍ രോഗം ഭേതമായതിന് ശേഷവും മറ്റുപല രോഗലക്ഷണങ്ങളും വിടാതെ പിന്തുടരുന്നതായി റിപ്പോര്‍ട്ട്. കോര്‍ട്ടെക്‌സ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 മാര്‍ച്ചില്‍ കോവിഡ് ബാധിതയായ ആനി എന്ന ഇരുപത്തിയെട്ടുകാരിയെ കേന്ദ്രീകരിച്ചാണ് പഠനത്തില്‍ യുവതിക്ക് പരിചിതരുടെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ പിടിപെട്ടതായി പറയുന്നു. കോവിഡ് ബാധിക്കുന്നതിന് മുമ്പുവരെ ആനിക്ക് മുഖങ്ങള്‍ തിരിച്ചറിയുന്നതിലും മറ്റും യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍ വൈറസ് ബാധിച്ച് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും തന്റെ അടുത്ത കുടുംബാംഗങ്ങളെപ്പോലും ആനിക്ക് തിരിച്ചറിയാന്‍ കഴിയാതെയായി. ഈ രോഗാവസ്ഥ മുഖം തിരിച്ചറിയാന്‍ കഴിയാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡറായ ഫേസ് ബ്ലൈന്‍ഡ്‌നസ് എന്നറിയപ്പെടുന്നു. മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതിനൊപ്പം മുമ്പ് പരിചയമുണ്ടായിരുന്ന സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത പ്രശ്‌നവും ഇവര്‍ നേരിടുന്നുണ്ട്. അമേരിക്കയിലെ ഡാര്‍മൗത് കോളേജിലെ ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഠനത്തില്‍ പങ്കെടുത്തത്.