മലപ്പുറം വഴികടവിൽ കോളറ രോഗം പടരുന്നതായി റിപ്പോർട്ട്

വഴിക്കടവ്: മലപ്പുറം വഴിക്കടവില്‍ കോളറ രോഗം പടരുന്നതായി റിപ്പോർട്ട്. ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രോഗ ലക്ഷണങ്ങളുള്ള 35 പേര്‍ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. അതേ സമയം കോളറ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാരക്കോടന്‍ പുഴയിലെ വെള്ളത്തില്‍ നിന്ന് രോഗം പടര്‍ന്നതായാണ് സംശയിക്കുന്നത്. കാരക്കോടന്‍ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന വാര്‍ഡുകളിലാണ് കോളറ രോഗം പടരുന്നത്. പുഴയിലെ വെള്ളം പരിശോധനക്കായി എടുക്കുകയും പ്രാഥമിക പരിശോധനയില്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ശാസ്ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തത വരുത്താനാവൂയെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കാരക്കോടന്‍ പുഴയില്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതും പുഴയില്‍ നിന്നും കൃഷിയിടത്തിലേക്കുള്ള ജലസേചനവും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.