സംസ്ഥാനത്ത് അന്തരീക്ഷ താപനില കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം പോലുള്ള രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. ശാരീരികബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണമെന്നും ഡി.എം.ഒ. പറഞ്ഞു.