സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിതനായ കുഞ്ഞ് നിര്‍വാന്റെ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നല്‍കിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്വാന് വേണ്ടിയുള്ള പണം അദ്ദേഹം കൈമാറിയത്. മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയ ആളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോന്-അദിതി ദമ്പതികള്‍ പറഞ്ഞു. എത്രയും വേഗം കുഞ്ഞിനുള്ള മരുന്ന് മേടിക്കണം എന്നതാണ് അടുത്ത കടമ്പയെന്നും സാരംഗ് പറയുന്നു.