വീണ്ടുമൊരു മെഡിക്കൽ മിറാക്കിൾ: മൂന്ന് മണിക്കൂർ ഹൃദയം നിലച്ച ഒന്നര വയസുകാരന് പുതുജീവൻ

ഒന്റാറിയോ: വീണ്ടുമൊരു മെഡിക്കൽ മിറാക്കിളിനു സാക്ഷിയായി ലോകം. മൂന്ന് മണിക്കൂര്‍ ഹൃദയം നിലച്ചുപോയ ഒന്നര വയസുകാരന് പുതുജീവൻ നൽകി ചാര്‍ലോറ്റ് എലിനോര്‍ എംഗല്‍ഹാര്‍ട്ട് ആശുപത്രി. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. ഡേ കെയറിലെ പൂളില്‍ വീണ വെയ്‌ലണ്‍ സോണ്‍ഡേഴ്‌സ് എന്ന കുട്ടിയെ പുറത്തെടുത്തപ്പോൾ ശ്വാസം മുട്ടി തണുത്ത് മരവിച്ച അവസ്ഥയിലായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ കുട്ടികളുടെ ആശുപത്രിയിലുള്ള ചികിത്സാ സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ആശുപത്രിയിൽ ഇല്ലാതിരുന്നിട്ടും ആശുപത്രി ജീവനക്കാരുടെ പരിശ്രമങ്ങൾക്ക് ഒടുവിൽ കുട്ടിക്ക് പുതുജീവൻ നൽകി. ഫെബ്രുവരി ആറിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കുട്ടി നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.