യു.എ.ഇ. സന്ദര്‍ശകവിസ ഉപയോഗിച്ചില്ലെങ്കില്‍ സ്വയം റദ്ദാകില്ല

അബുദാബി: യു.എ.ഇ. സന്ദര്‍ശകവിസ ഉപയോഗിച്ചില്ലെങ്കില്‍ സ്വയം റദ്ദാകില്ലെന്നും നിശ്ചിത ഫീസ് നല്‍കി അപേക്ഷിച്ചാല്‍ മാത്രമേ റദ്ദാകൂവെന്നും ട്രാവല്‍ ഏജന്‍സികള്‍. ഒരിക്കല്‍ അനുവദിച്ച സന്ദര്‍ശക വിസ ഉപയോഗിക്കാതെ മറ്റൊരു വിസയ്ക്ക് അപേക്ഷിച്ചാല്‍ അനുമതി ലഭിക്കില്ലെന്നും ഏജന്‍സികള്‍ വ്യക്തമാക്കി. ഒരു മാസത്തെ സന്ദര്‍ശക വിസയെടുത്തയാള്‍ യു.എ.ഇ.യില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ ഇമിഗ്രേഷന്‍ വെബ്സൈറ്റ് വഴി വിസ റദ്ദാക്കണം. അല്ലെങ്കില്‍ വിസയുടെ കാലാവധി അടുത്ത ഒരു മാസത്തേക്കുകൂടി നീട്ടിയെടുക്കുകയും ചെയ്യാം. വിസ റദ്ദാക്കുന്നതും നീട്ടിയെടുക്കുന്നതുമെല്ലാം ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് ചെയ്യുന്നതെങ്കില്‍ 300 ദിര്‍ഹത്തിന് മുകളിലാണ് ഫീസ്. ഉപയോഗിക്കാത്ത സന്ദര്‍ശകവിസ കാലാവധി കഴിയുമ്പോള്‍ തനിയെ റദ്ദാക്കപ്പെടുകയായിരുന്നു പതിവ്. എന്നാല്‍ ഈ വിഷയത്തില്‍ യു.എ.ഇയുടെ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.