ഇന്ത്യയുമായി പണമിടപാട് സംവിധാനങ്ങള്‍ ബന്ധിപ്പിക്കാനൊരുങ്ങി യു.എഇ

ദുബായ്: ഇന്ത്യയുമായി പണമിടപാട് സംവിധാനങ്ങള്‍ ബന്ധിപ്പിക്കാനൊരുങ്ങി യു.എഇ. ഇതുസംബന്ധിച്ച് ഈമാസം അവസാനം ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെക്കും. ഇതിന് മുന്നോടിയായി അബൂദബിയില്‍ റിസര്‍വ് ബാങ്ക്, യു.എ.ഇ സെന്‍ട്രല്‍ബാങ്ക് ഗവര്‍ണര്‍മാര്‍ ചര്‍ച്ച നടത്തി. യു.പി.ഐ പോലെ ഇന്ത്യയിലും യു.എ.ഇയിലുമുള്ള ഇന്‍സ്റ്റന്റ് പേമെന്റ് പ്ലാറ്റ്‌ഫോമുകളെ പരസ്പരം ബന്ധിപ്പിച്ച് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ പണമിടപാട് കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം. നാഷണല്‍ കാര്‍ഡ് പേമെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെയും, പണമിടപാട് സാങ്കേതിക വിദ്യാരംഗത്തെ പുതിയ സംവിധാനങ്ങളും കണ്ടെത്തലുകളും പരസ്പരം പങ്കുവെക്കുന്നതിന്റെ സാധ്യതകള്‍ റിസര്‍വ്ബാങ്ക് അധികൃതരും സെന്‍ട്രല്‍ബാങ്ക് അധികൃതരും ചര്‍ച്ച ചെയ്തു. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി സംവിധാനം പരീക്ഷിക്കുന്നതും ചര്‍ച്ചയായി. സാമ്പത്തിക മേഖലയിലെ ഇന്ത്യ- യു എ ഇ സഹകരണം കൂടുതല്‍ ശക്തമാക്കാനാനുള്ള നടപടികളുടെ തുടര്‍ച്ചയാണ് ചര്‍ച്ചകള്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്, യു എ ഇ സെന്‍ട്രല്‍ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമ എന്നിവര്‍ക്ക് പുറമെ യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും ചര്‍ച്ചയില്‍ പങ്കെടുത്തു.