എറണാകുളം: എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കാക്കനാട് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാർത്ഥികൾക്കും മാതാപിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകൾ പോസിറ്റീവായിരുന്നു. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗവ്യാപനം തടയാനായി ക്ലാസുകൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. രോഗ ലക്ഷണങ്ങൾ ഉള്ളവരോട് നിരീക്ഷണത്തിൽ തുടരാനും നിർദേശമുണ്ട്. കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തണമെന്നും കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം ഭേദമാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.