സമ്പൂര്‍ണ സൗരോര്‍ജ്ജ നഗരമാകാന്‍ തിരുവനന്തപുരം

    തിരുവനന്തപുരം നഗരത്തെ സൗരോര്‍ജ്ജ നഗരമാക്കി മാറ്റുന്ന പദ്ധിക്കായി ധാരണാ പത്രം ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍, അനെര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്ര നാഥ് വേലുരിയും ജര്‍മന്‍ സൊസൈറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (ജി.ഐ.സെഡ്) പ്രതിനിധി ജോര്‍ജ് ഗാബ്ലറും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ വിനയ് ഗോയല്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ സുകു, ഇ.എം.സി ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

    ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡിയോട് കൂടിയ സൗരോര്‍ജ നിലയങ്ങള്‍, നഗരത്തിലെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും സൗരോര്‍ജ പവര്‍പ്ലാന്റുകള്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍, നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ എന്നിവയാണ് പദ്ധതി വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.