സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍; ബിജു മേനോനും ജോജു ജോര്‍ജ്ജും മികച്ച നടന്‍മാര്‍; നടി രേവതി

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍.കെ സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി. ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോനും നായാട്ട്, മധുരം, തുറമുഖം, ഫ്രീഡംഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോര്‍ജ്ജും മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഭൂതകാലത്തിലെ അഭിനയ മികവിന് രേവതി മികച്ച നടിയായി. ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദ് ആര്‍. കെ മികച്ച തിരക്കഥാകൃത്തായപ്പോള്‍ മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍) ശ്യാം പുഷ്‌കരന്‍ പുരസ്‌കാരം നേടി. ജനപ്രീതി നേടിയ ചിത്രം ഹൃദയം.

സജാസ് റഹ്‌മാന്‍, ഷിനോസ് റഹ്‌മാന്‍ എന്നിവര്‍ സംവിധാനവും ഷറഫുദ്ദീന്‍ ഇ.കെ നിര്‍മാണവും നിര്‍വഹിച്ച ചവിട്ട്, താര രാമനുജന്‍ സംവിധാനം ചെയ്ത കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച നിഷിദ്ധോ എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം പങ്കുവച്ചു. കളയിലെ ഉജ്ജ്വലമായ അഭിനയത്തിലൂടെ സുമേഷ് മൂര്‍ മികച്ച സ്വഭാവ നടനും ഉണ്ണിമായ പ്രസാദ് ജോജിയിലൂടെ മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഹൃദയത്തിലെ വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഹിഷാം അബ്ദുള്‍ വഹാബാണ് മികച്ച സംഗീത സംവിധായകന്‍. ജോജിയിലൂടെ ജസ്റ്റിന്‍ വര്‍ഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. മിന്നല്‍ മുരളിയിലെ ‘രാവില്‍ മയങ്ങുമീ പൂമടിയില്‍….’ ആലപിച്ച പ്രദീപ് കുമാറാണ് മികച്ച പിന്നണി ഗായകന്‍. കാണെക്കാണെ (‘പാല്‍നിലാവിന്‍ പൊയ്കയില്‍…’) സിത്താര കൃഷ്ണകുമാര്‍ മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. മാസ്റ്റര്‍ ആദിത്യന്‍ (ചിത്രം- നിറയെ തത്തകള്‍ ഉള്ള മരം) മികച്ച ബാലതാരമായി(ആണ്‍), സ്നേഹ അനു (ചിത്രം- തല) മികച്ച ബാലതാരമായും (പെണ്‍) തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച കഥാകൃത്ത് ഷാഹി കബീര്‍ (നായാട്ട്), മികച്ച ഛായഗ്രാഹകന്‍ മധു നീലകണ്ഠന്‍ (ചുരുളി), മികച്ച ഗാനരചയിതാവ് വി.കെ ഹരിനാരായണന്‍ (കാടകലം-‘കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ…’), മികച്ച ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്), മികച്ച കലാസംവിധായകന്‍ ഗോകുല്‍ദാസ് എ.വി (തുറമുഖം), മികച്ച സിങ്ക് സൗണ്ട് അരുണ്‍ കുമാര്‍ അശോക്, സോനു.കെ.പി (ചവിട്ട്), മികച്ച ശബ്ദമിശ്രണം ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി), മികച്ച ശബ്ദരൂപകല്‍പ്പന രംഗനാഥ് രവി (ചുരുളി), മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം), മികച്ച വസ്ത്രാലങ്കാരം മെല്‍വി. ജെ (മിന്നല്‍ മുരളി), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) ദേവി എസ് (ദൃശ്യം 2), മികച്ച നൃത്തസംവിധാനം അരുണ്‍ലാല്‍ (ചവിട്ട്), മികച്ച നവാഗത സംവിധായകന്‍ കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട), മികച്ച കുട്ടികളുടെ ചിത്രം കാടകലം (നിര്‍മാതാവ് – സുബിന്‍ ജോസഫ്), മികച്ച വിഷ്വല്‍ എഫക്ട്സ് ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി), മികച്ച പ്രൊസസിങ് ലാബ് ലിജു പ്രഭാകര്‍ (രംഗ്റേയ്സ് മീഡിയ വര്‍ക്സ്) (ചുരുളി).
കഥ തിരക്കഥ എന്നിവയ്ക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് ഷെറി ഗോവിന്ദന്‍ (അവനോവിലോന), പ്രത്യേക ജൂറി പരാമര്‍ശം ജിയോ ബേബി (ഫ്രീഡംഫൈറ്റ്).

142 ചലച്ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത്. മൂന്ന് ഘട്ടങ്ങള്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സയ്യിദ് അഖ്തര്‍ മിര്‍സ ജൂറി ചെയര്‍മാനായ അന്തിമ വിധി നിര്‍ണയ സമിതി പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. 65 നവാഗത സംവിധായകരും 6 വനിതാ സംവിധായകരും ശക്തമായ സാന്നിധ്യം അറിയിച്ചപ്പോള്‍ ചലച്ചിത്ര മേഖലയില്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെ മുന്നേറ്റത്തിനും ഇത്തവണത്തെ സിനിമാ മേഖല സാക്ഷ്യം വഹിച്ചു.

2021ലെ രചന വിഭാഗം ചലച്ചിത്ര അവാര്‍ഡിന് 24 ഗ്രന്ഥങ്ങളും 53 ലേഖനങ്ങളും സമര്‍പ്പിക്കപ്പെട്ടു. മികച്ച ചലച്ചിത്ര ഗ്രന്ഥമായി പട്ടണം റഷീദിന്റെ ചമയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചലച്ചിത്ര ലേഖനം ജിതിന്‍ കെ.സി (മലയാള സിനിമയിലെ ആണൊരുത്തന്‍മാര്‍: ജാതി, ശരീരം, താരം), പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ നഷ്ട സ്വപ്നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര ഗ്രന്ഥം), ഫോക്കസ്: സിനിമാപഠനങ്ങള്‍ (ഡോ. ഷീബ എം. കുര്യന്‍ – ചലച്ചിത്ര ഗ്രന്ഥം), ജോര്‍ജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും (ഡോ. രാകേഷ് ചെറുകോട് – ചലച്ചിത്ര ലേഖനം).

സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനും ഡോ. കെ. ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബൈ ജയശ്രീ, സുരേഷ് ത്രിവേണി, ഹരിന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവര്‍ അംഗങ്ങളും സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. വി. കെ. ജോസഫ് ചെയര്‍മാനും മനില സി മോഹന്‍, ഡോ അജു കെ നാരായണന്‍ എന്നിവര്‍ അംഗങ്ങളും സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് രചന വിഭാഗം അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.