ന്യൂഡല്‍ഹി : കേരളത്തിന്റെ പല മേഖലയുടേയും തകര്‍ച്ചയ്ക്കു വഴിവയ്ക്കുന്നതാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെന്നും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പലവട്ടം ശ്രമിച്ചിട്ടും കാണാന്‍ അനുവാദം നല്‍കാത്ത നിലപാട് ചരിത്രത്തിലാദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു നിവേദനം നല്‍കുന്നതിനായാണ് ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡമനുസരിച്ച് റേഷന്‍ അരി കാര്യക്ഷമമായി ആവശ്യക്കാരില്‍ എത്തിക്കാനാകാത്ത സാഹചര്യമാണ്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനും നിവേദനം നല്‍കുന്നതിനുമായാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയത്. എന്നാല്‍ മന്ത്രിയെ കാണാനാണു നിര്‍ദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്രമായി ഇക്കാര്യത്തില്‍ ഒന്നും തീരുമാനിക്കാനാവില്ലെന്നു മന്ത്രി അറിയിച്ചിരുന്നു. നയപരമായ തീരുമാനമാണു വേണ്ടത്. അതിനായാണു പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി അതിനു സമ്മതം തരാത്ത സ്ഥിതിയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. വിവിധ സംസ്ഥാനങ്ങള്‍ ചേരുന്നതാണു രാജ്യത്തിന്റെ ശക്തി. സംസ്ഥാനങ്ങള്‍ക്കു സംതൃപ്തി നല്‍കുന്ന നിലപാടുകള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ പ്രത്യേകത മനസിലാക്കുന്ന ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.