ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന 21 വിഭാഗങ്ങൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യു.ഡി.ഐ.ഡി. കാർഡിന്റെയോ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെയോ അടിസ്ഥാനത്തിൽ സൗജന്യ യാത്രാ പാസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ കെ.എസ്.ആർ.ടി.സി. സി.എം.ഡിക്കു ശുപാർശ ഉത്തരവു നൽകി.
ഭിന്നശേഷിക്കാർക്ക് സൗജന്യ യാത്രാ പാസ് അനുവദിക്കുന്ന ഉത്തരവ് കെ.എസ്.ആർ.ടി.സി. പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഭിന്നശേഷി അവകാശ നിയമത്തിലെ 21 തരം ഭിന്നശേഷിക്കാരിൽ എല്ലാവർക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു തീരുമാനം. ഭിന്നശേഷിക്കാരും മറ്റുള്ള പൗരൻമാരുമായോ ഭിന്നശേഷിക്കാർ തമ്മിലോ യാതൊരു വേർതിരിവും ഉണ്ടാകാൻ പാടില്ലെന്നും അവർക്ക് എല്ലാ രംഗത്തും തുല്യതയ്ക്ക് അവകാശമുണ്ടെന്നും 2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.