തിയേറ്ററില്‍ ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം: തീരുമാനം ഇന്ന്

തിരുവനന്തപുരം: തിയേറ്ററുകള്‍ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നകാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. സിനിമാ സംഘടനകള്‍ ഈ ആവശ്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന ആവശ്യവും കോവിഡ് അവലോകന യോഗം ഇന്ന് ചര്‍ച്ച ചെയ്യും.

അതേസമയം, മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണോ എന്ന വിഷയത്തില്‍ ഇടപെടാനൊരുങ്ങി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിവിധ സിനിമാ സംഘടനകളുമായി ചര്‍ച്ച നടത്തും. സംഘടനകള്‍ക്കിടയിലെ അഭിപ്രായം വ്യത്യാസം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. തിയേറ്റര്‍ മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ മരയ്ക്കാര്‍ തിയേറ്ററില്‍തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.