മുൻകൂർ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ശബരിമല ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് സംവിധാനം ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
എരുമേലി, നിലയ്ക്കൽ, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഇതുവരെ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരുന്നത്. ഈ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ , തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ഭക്തർക്ക് സ്പോട്ട് ബുക്കിങ്ങിനു അവസരം ഉണ്ടാകും.
ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. മൊബൈൽ നമ്പർ ഇല്ലാത്തവർക്കും സ്പോട്ട് ബുക്കിങ്ങിന് അവസരമുണ്ട്. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.