കേരള മുൻസിപ്പാലിറ്റി ആക്ട് 1994 (The Kerala Municipality Act, 1994), കേരള പഞ്ചായത്ത് രാജ് ആക്ട് (the Kerala Panchayat Raj Act, 1994), കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് (Kerala Highway Protection Act, 1999), കണ്ട്രോൾ ഓഫ് നാഷണൽ ഹൈവേ ആക്ട് (the Control of National Highways (Land and Traffic) Act,) 2002 എന്നീ നിയമങ്ങൾ പ്രകാരം അതാത് വകുപ്പുകളുടെയും, സ്ഥാപനങ്ങളുടേ യും തലവൻമാർക്ക് പൊതു ജനങ്ങൾക്ക് തടസ്സം കൂടാതെ യാത്ര ചെയ്യുവാനുള്ള സംവിധാനങ്ങൾ ഒരുക്കി കൊടുക്കുവാനുള്ള ബാധ്യത ഉണ്ട്.
പലസ്ഥലങ്ങളിലും പൊതുജനങ്ങൾ ഉപയോഗിക്കുന്ന റോഡുകൾ സ്ഥാപനങ്ങളും, വ്യക്തികളും, സംഘടനകളും കയ്യേറി താൽക്കാലിക ഷെഡ്ഡുകൾ, ബോർഡുകൾ, പന്തലുകൾ, പ്രതിമകൾ, കൊടിമരങ്ങൾ, ബാനറുകൾ, ഡിസ്പ്ലേ ബോർഡുകൾ സ്മാരകങ്ങൾ എന്നിവ പണിയുകയും സ്ഥാപിക്കുകയും ചെയ്തുകൊണ്ട് വാഹനഗതാഗതത്തിനും, കാൽനട യാത്രക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
കൂടാതെ വഴിവക്കിൽ ഉയർത്തിയിട്ടുള്ള ബോർഡുകളും സ്വകാര്യവ്യക്തികൾ നട്ടു വളർത്തി വലുതാക്കിയിട്ടുള്ള മരങ്ങളും വാഹന ഡ്രൈവർമാരുടെ കാഴ്ച മറക്കുകയാണെങ്കിലും അനധികൃതമായ പാർക്കിംഗ് എന്നിവ വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുകയാണെങ്കിലും പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള സർക്കാർ സംവിധാനമാണ് റോഡ് സുരക്ഷ അതോറിറ്റി/ കൗൺസിൽ.
ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള ജില്ലാ റോഡ് സുരക്ഷാ കൌൺസിൽ എല്ലാ ജില്ലകളിലും നിലവിലുണ്ട്. പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികൾ ജില്ലാ അതോറിറ്റിക്ക് അയക്കാവുന്നതും KERALA ROAD SAFETY ACT, 2007, Section 14 (1), (2) പ്രകാരം എതിർകക്ഷികൾക്കെതിരെ കൗൺസിലിനു ശക്തമായ നടപടി എടുക്കാവുന്നതുമാണ്. കൂടാതെ സർക്കാർ വിഭാഗങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കാവുന്നതുമാണ്. എന്നാൽ ഹൈവേയുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിൽ Section 15(1)(2) നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും കൗൺസിലിന്റെ ഉത്തരവ് ഉണ്ടാവുന്നത്.
എങ്കിലും ഗതാഗതത്തിനും കാൽനട യാത്രയ്ക്കും തടസ്സം നേരിടുകയാണെങ്കിൽ പൊതുജനങ്ങൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാവുന്നതാണ്.