കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കാവശ്യമായ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചതായും ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം വിലയിരുത്തി . കരള്‍ മാറ്റിവയ്‌ക്കേണ്ട രോഗിയെ സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ (കെ.എന്‍.ഒ.എസ്) രജിസ്റ്റര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. കരള്‍ ലഭ്യമാകുന്ന മുറയ്ക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാകുമെന്നും യോഗം വിലയിരുത്തി.
തിരുവനന്തപുരം, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുതുതായി ആരംഭിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകള്‍ രോഗികളുടെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്രയും വേഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.