അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാനസിക ആരോഗ്യം വര്‍ധിപ്പിക്കാന്‍ വെബ്ബിനാര്‍

കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാനസിക ആരോഗ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ മനശാസ്ത്ര വിഭാഗവും എസ്.ജി.ടി.ബി ഖാല്‍സാ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹിയും സംയുക്തമായി വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന വെബ്ബിനാറില്‍ ഒക്ടോബര്‍ 25 ഉച്ചയ്ക്ക് രണ്ട് മണിവരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.

അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലുമുള്ള വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാനസിക ആരോഗ്യത്തിന്റെ നിലവാരം മനസ്സിലാക്കുക, സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് മാനസിക ആരോഗ്യം വളര്‍ത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കണ്ടെത്തി അതിനെ തടയുക, ഉന്നത വിദ്യാഭ്യാസത്തിലെ ന്യൂനതകള്‍ മനസ്സിലാക്കുക, കോളേജ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാനസിക പ്രശ്നങ്ങളെ തിരിച്ചറിയുക, വിദ്യാര്‍ത്ഥികളില്‍ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങള്‍ക്ക് നിയമപരമായ സാധ്യകളിലൂടെ പരിഹാരം കണ്ടെത്തുന്നതിന് ബോധവത്കരണം നല്‍കുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ വെബ്ബിനാറില്‍ പഠന വിധേയമാകും.

എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ചുവരെ ആയിരിക്കും വെബ്ബിനാര്‍. വെബ്ബിനാറില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക, ഇമെയില്‍- benyne@rajagiri.edu , ഫോണ്‍: 8590593218.