ഓരോ വർഷവും ഒരു ലക്ഷം ഭവനരഹിതർക്ക് വീടുകൾ നൽകുക ലക്ഷ്യം- മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ, വരുന്ന ഓരോ വർഷവും ഒരു ലക്ഷം വീടുകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സർക്കാർ ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകളാണ് നിർമിച്ചു നൽകിയത്. ഈ സർക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 12,067 വീടുകൾ നിർമിച്ച് നൽകാനായി. അർഹരായ എല്ലാ ഭവനരഹിതർക്കും സ്വന്തമായി വീടുകൾ ഉണ്ടാകണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ പുനർനിർമാണമെന്നത് സർക്കാർമാത്രം പങ്കുവഹിച്ചുകൊണ്ട് പൂർത്തിയാക്കേണ്ട ഒന്നല്ല. അത് പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയും സഹകരണത്തോടെയും നടപ്പാക്കാനാവും. അവരിൽനിന്നും ലഭിക്കുന്ന ആശയങ്ങളും വിഭവങ്ങളുമെല്ലാം കേരളത്തിന്റെ പുനർനിർമാണത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തേയും കോവിഡിനെയും ഒറ്റക്കെട്ടായാണ് കേരളം എതിരിട്ടത്. ആ ഐക്യം ഇനിയും ഊട്ടയുറപ്പിക്കേണ്ടതുണ്ട്. ദുരന്തകാലത്തെന്നപോലെ എല്ലാ കാലത്തും ഏകോദര സഹോദരങ്ങളെപോലെ നാം നീങ്ങണം. അതിനായി സർക്കാരും രാഷ്ട്രീയ – സന്നദ്ധസ ംഘടനകൾ കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.