അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി: ഗതാഗത മന്ത്രി

അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനമായതായി ഗതാഗത മന്ത്രി ആന്റണി രാജു. അംഗീകൃത ആംബുലൻസുകൾക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും വേണമെന്നാണ് നിയമം. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ആംബുലൻസുകൾ എന്ന രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ മോട്ടോർ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തിൽ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആംബുലൻസുകൾക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്നത് പരിഗണിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും പ്രത്യേക പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി.