സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ആവിഷ്കരിച്ച വിദ്യാ കിരണം പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂളുകള്‍ സംബന്ധിച്ചും സഹായം ആവശ്യമുള്ള വിദ്യാർത്ഥികളുടെ വിവര ശേഖരണം പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാകിരണം പദ്ധതിക്ക് സഹായ വാഗ്ദാനവുമായി വ്യവസായപ്രമുഖരും പ്രമുഖ പ്രവാസി വ്യവസായികളും മുന്നോട്ട് വന്നിട്ടുണ്ടെന്നും ഓരോ ആളുകള്‍ക്കും അവരുടെ രീതിയില്‍ പങ്കുവഹിക്കാനാകുമെന്നും എത്ര ചെറുതായാലും പങ്കുവഹിക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഇതില്‍ പങ്കാളികളാക്കാമെന്ന് മലയാളി സംഘടനകള്‍ അറിയിച്ചു.
വിദ്യാകിരണം പോര്‍ട്ടല്‍ http://www.vidyakiranam.kerala.gov.inവഴിയാണ് വ്യക്തികളും സന്നദ്ധ സംഘടനകളും സംരംഭങ്ങളുമെല്ലാം സംഭാവനകള്‍ നല്‍കേണ്ടത്. ഒരു നിശ്ചിത തുകയായി നല്‍കാനോ ഏതെങ്കിലും സ്കൂളുകള്‍ തിരിച്ചോ തദ്ദശസ്വയംഭരണ സ്ഥാപനം തിരിച്ചോ സംഭാവന നല്‍കാനും പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തിഗതമായും സംഘടനാപരമായും സംഭാവനകള്‍ വാഗ്ദാനം നല്കി. കൂടുതല്‍ വ്യക്തികളും സംഘടനകളും സഹായം നല്കാന് മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സംവാദാത്മക പഠനം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഇത് പൂര്‍ണ്ണതയിലെത്തിക്കാനാവൂ. അതിനാല്‍ കാലതാമസമില്ലാതെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.