വ്യോമയാന പ്രതിരോധമേഖലയില്‍ കുതിച്ച് ഇന്ത്യ: രാജസ്ഥാനിലെ ലാന്റിങ് സ്‌ട്രെച്ച് സേനയ്ക്ക് സമര്‍പ്പിച്ചു

    ബാര്‍മെര്‍: വ്യോമയാന പ്രതിരോധ മേഖലയില്‍ കുതിപ്പുമായി ഇന്ത്യ. രാജസ്ഥാനിലെ സാറ്റാ-ഗാന്ധവ് സ്ട്രച്ച് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും നിഥിന്‍ ഗഡ്കരിയുംചേര്‍ന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ദേശിയപാത 925ലാണ് അടിയന്തിര സാഹചര്യങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുന്നതിനുള്ള സ്‌ട്രെച്ച് നിര്‍മ്മിച്ചിരിക്കുന്നത്.

    ഹെര്‍കുലീസ് സി-130ജെ വിമാനത്തിലാണ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്രമന്ത്രിമാര്‍ ദേശിയപാതയില്‍ വിമാനമിറങ്ങിയത്. പിന്നാലെ വിവിധ യുദ്ധവിമാനങ്ങളെ അണിനിരത്തിയുള്ള പ്രദര്‍ശനവും ദേശിയ പാതയില്‍ നടന്നു.

    മൂന്ന് കിലോമീറ്ററാണ് സ്‌ട്രെച്ചിന്റെ ദൂരം. രാജ്യം യുദ്ധസാഹചര്യങ്ങളെ നേരിടുകയും, വ്യോമ താവളങ്ങള്‍ ആക്രമണത്തിന് ഇരയാവുകയും ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിനാണ് ദേശിയ പാതകളില്‍ ഇത്തരത്തിലുള്ള സൗകര്യമൊരുക്കുന്നത്. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനടക്കമുള്ള സൗകര്യങ്ങളാണ് ദേശിയ പാതയില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ 27 ലാന്റിങ് സ്‌ട്രെച്ചുകള്‍കൂടി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകലാണ് രാജ്യം.