തിരുവനന്തപുരം: തീരദേശമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്നതും വേലിയേറ്റ ഭീഷണിയുള്ളതുമായ മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനുള്ള സമഗ്ര പദ്ധതിയാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പുനർഗേഹം പദ്ധതിപ്രകാരം കാരോട് മൽസ്യതൊഴിലാളി കുടുംബങ്ങൾക്കായി നിർമിച്ച ‘നിറവ്’ ഭവനസമുച്ചയത്തിന്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹ്യക്ഷേമം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം സർക്കാർ ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു. പൊഴിയൂർ തീരദേശ മേഖലയിലെ കൊല്ലങ്കോട്, പരുത്തിയൂർ മൽസ്യഗ്രാമങ്ങളിൽ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 128 മൽസ്യതൊഴിലാളി കുടുംബങ്ങൾക്കാണ് പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം നിർമിച്ച് നൽകിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.