കേരള സംസ്ഥാന പട്ടികജാതി പട്ടകവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപവരെയുള്ള ലഘു വ്യവസായ യോജന പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയരുത്. വായ്പാതുക വിനിയോഗിച്ചു വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍ സംരംഭത്തിലും (കൃഷിഭൂമി/ മോട്ടര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. കോര്‍പ്പറേഷനില്‍ നിന്ന് മുന്‍പ് ഏതെങ്കിലും സ്വയം തൊഴില്‍വായ്പ ലഭിച്ചവര്‍ (മൈക്രോക്രെഡിറ്റ് ലോണ്‍/ മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. വായ്പ തുക 6 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 5 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ കിളിമാനൂര്‍ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0470-2673339.